Assistant Vicar

Message from Assistant Vicar

Image

വിശുദ്ധ ശേഷിപ്പ്: പുതിയ ലോകത്തിലെ പുതിയ മനുഷ്യർ

The Faithful Remnant: New People in a New World

"പുതിയ രൂപമായി ഞങ്ങൾ രൂപാന്തരപ്പെട്ടു, വിശ്വാസമാകുന്ന ശോഭയുള്ള ദീപശിഖയുമായി വിവേകവും ജ്ഞാനവുമുള്ളവരോട് കൂടെ പുതിയ ലോകത്തിലേക്ക് പുതിയ മനുഷ്യരായി യാത്ര ചെയ്യത്തക്കവണ്ണം ഞങ്ങൾ നിനക്ക് ശ്രേഷ്ഠവും നിഷ്കളങ്കവുമായ ആട്ടിൻ കൂട്ടമായി തീരുമാറാകേണമേ"
ഈ പ്രാർത്ഥന വിശുദ്ധ കുർബ്ബാനയ്ക്ക് മുൻപുള്ള പട്ടക്കാരുടെ ഒരുക്ക പ്രാർത്ഥനയുടെ ഭാഗമാണ്. കോവിഡാനന്തരകാലത്തു ജീവിക്കുന്ന നമുക്ക് ഈ പ്രാർത്ഥന പ്രസക്തമാണ്. ഇതൊരു പുതിയ ലോകമാണ്. പുതിയ ലോകത്തു അതിജീവനം സാധ്യമാവുക പുതിയ മനുഷ്യർക്ക് മാത്രമാണ്. നമ്മുടെ എല്ലാം ജീവിത ശൈലിയും ആരോഗ്യ ശീലങ്ങളും പ്രവർത്തന രീതികളും പുതുക്കി കൊണ്ട് പുതിയ കാലത്തോടും പുതിയ ലോകക്രമത്തോടും സമരസപ്പെടാൻ നാം ഒരുങ്ങി കഴിഞ്ഞു. എന്നാൽ ഇനിയും പുതുതാക്കപ്പെടാത്തതു നമ്മുടെ ആത്മീയ ക്രമങ്ങൾ മാത്രമാണ്. ആത്മീയ കാര്യങ്ങളെ പുതുക്കാതെ അതിജീവനം സാധ്യമാകും എന്ന വിചാരം തന്നെ മൗഢ്യമാണ്. ആത്മാവിൽ പുതുതാക്കെപ്പെടാത്ത മനുഷ്യർക്ക് ദൈവം ഒരുക്കുന്ന പുതിയ ലോകക്രമത്തിൽ നിലനിൽപ്പ് സാധ്യമല്ല. ദൈവത്തിന്റെ ശ്രേഷ്ഠവും നിഷ്കളങ്കവുമായ ആട്ടിൻകൂട്ടമായി നാം രൂപാന്തരപ്പെടാൻ ഇനി താമസിച്ചുകൂടാ. സഭ/ഇടവക ദൈവ രാജ്യത്തിന്റെ മുൻകുറിയാണ്. സഭ/ഇടവക ഒരേ സമയം ദൈവാരാജ്യത്തിനുള്ള ഒരുക്ക സ്ഥലവും കാത്തിരിപ്പ് കേന്ദ്രവുമാണ്. വീണ്ടെടുപ്പിന്റെ ആഘോഷമാകുന്ന വിശുദ്ധ കൂദാശകളാണ് ഈ കാത്തിരിപ്പിന് വിരസത ഇല്ലാത്തതും നാൾ തോറും പ്രതീക്ഷയേറുന്നതും ആക്കുന്നത്.
ദൈവം തന്റെ കൃപയാൽ തെരഞ്ഞെടുക്കുകയും പരിശുദ്ധ ത്രിത്വത്തോടും തമ്മിൽ തമ്മിലുമുള്ള കൂട്ടായ്മയിൽ ജീവിക്കാൻ നിയമിക്കപ്പെടുകയും ചെയ്ത സമൂഹമാണ് സഭ. ഇത് ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാരുടെ എല്ലാ തലമുറകളിലും കാലങ്ങളിലും ഇടങ്ങളിലുമുള്ള കാണപ്പെട്ടവരുടെയും കാണപ്പെടാത്തവരുടെയും കൂട്ടമാണ്. ഈ ഒരു വലിയ കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ഇന്ന് നാമും ജീവിക്കുന്നത്. ഈ വലിയ കൂട്ടായ്മയിൽ നിന്നും നമ്മെ അകറ്റുവാൻ ലോകം നിരന്തരം വെല്ലുവിളികൾ ഉയർത്തുന്നു. പകർച്ചവ്യാധികളും, അനുബന്ധ പ്രതിസന്ധികളും, ചിലപ്പോൾ സമയക്കുറവും, മറ്റു ചിലപ്പോൾ അനുഗ്രഹങ്ങളുടെ ബാഹുല്യങ്ങളും ഈ വലിയ കൂട്ടായ്മയിൽ നിന്ന് പിൻവാങ്ങി ഒറ്റയ്ക്ക് ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ വിശുദ്ധരുടെ ഈ വലിയ സംഘത്തിൽ നിന്നും വേർപെട്ടു ഒറ്റക്കാകുന്നത് നമ്മുടെ ആത്മീയ മരണമാണ്.
ഈ പുതിയ കാലത്തു പിതിയ ലോകത്തിൽ കാര്യങ്ങൾ എല്ലാം അത്ര ശുഭകരമായല്ല മുൻപോട്ടു പോകുന്നത്. ഭൗതിക ജീവിതത്തിൽ അനുദിനമുണ്ടാകുന്ന വിഭവങ്ങളുടെ കുറവ് ആരും പറയാതെ തന്നെ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നു എന്നിരിക്കെ ആത്മീയ ജീവിതത്തിലെ ഈ കുറവും വിടവും നാം തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ പരിഹരിക്കുന്നില്ല. അതിനു നാം ഇനിയും വൈകിയാൽ നഷ്ടങ്ങൾ പരിഹരിക്കാനാവാത്തവണ്ണം വലുതായിരിക്കും. വലിയൊരു വിശ്വാസ സമൂഹത്തിന്റെ ഭാഗമായി വളർന്നു വന്ന നാം നമ്മുടെ മക്കൾക്ക് അതിനുള്ള അവസരം നിഷേധിക്കുമ്പോൾ പുതിയ തലമുറക്കുണ്ടാകുന്ന ആത്മീയ നഷ്ടം കനത്തതായിരിക്കും. ആയതിനാൽ എത്രയും വേഗം നഷ്ടമായ ആത്മീയ ഉണർവ്വ് വീണ്ടെടുക്കുകയും പുതുതലമുറയെ സജീവമായ ആരാധനാ സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യാൻ നാം ഉത്സാഹിക്കണം.
പഴയനിയമത്തിൽ വാഗ്ദത്തത്തിന്റെ അവകാശികളായി ഇസ്രായേൽ ജനതയെ (Nation of Israel) നാം കാണുന്നു. എന്നാൽ ദൈവത്തിന്റെ സ്വന്തം എന്ന് പറയപ്പെട്ട ഈ ജനം പലപ്പോഴും തങ്ങളുടെ സൗകര്യത്തിനു യഹോവയാകുന്ന ദൈവത്തെ മറന്നു വിഗ്രഹാരാധനയിലും അശുദ്ധിയിലും മറുതലിപ്പിലും വീണു പോയി. അപ്പോഴെല്ലാം ദൈവം തന്റെ ജനത്തിൽ നിന്നും അന്യദേവനെ വണങ്ങാത്ത, അശുദ്ധരാകാത്ത, നേരും നെറിയുമുള്ള ഒരു വിശുദ്ധമായ ശേഷിപ്പിനെ (Faithful Remnant) വേർതിരിച്ചു കണ്ടെത്തിക്കൊണ്ടിരുന്നു. ആ വിശുദ്ധമായ ശേഷിപ്പിനെ (Faithful Remnant) ദൈവം നേരായ ഇസ്രായേൽ (True Israel) ആയി കണ്ടു. അവരിലൂടെയാണ് വീണ്ടെടുപ്പിന്റെ പദ്ധതിയെ ദൈവം ഭൂമിയിൽ നടപ്പിലാക്കിക്കൊണ്ടിരുന്നത്. മിശിഹായെ കാത്തിരുന്നവർ അവരാണ്, മ്ശിഹാ ആയ കർത്താവിനെ അവന്റെ ജനനത്തിലും പരസ്യശുശ്രൂഷയുടെ നാളുകളിലും കൈക്കൊണ്ടിട്ടുള്ളവർ അവരാണ്. അവന്റെ ഉയിർപ്പിനും പെന്തക്കോസ്തു അനുഭവത്തിനും സാക്ഷികളായവർ അവരാണ്. അവരിൽ നിന്നാണ് ആദിമ സഭ വളർന്നത്. അങ്ങനെ ഇസ്രായേൽ ജനത (Nation of Israel) നഷ്ടമാക്കിയ രക്ഷയുടെ അനുഭവം നേരായ ഇസ്രായേൽ (True Israel) ആയ സഭക്ക് കൈവന്നു.
എന്നാൽ ഇന്ന് നാം കാണുന്ന വ്യവസ്ഥാപിത സഭയെ (Istitutional Church) ആകമാനം നേരായ ഇസ്രായേൽ (True Israel) എന്ന് ദൈവം കാണുന്നില്ല. ഈ നാളികളിൽ ക്രിസ്തീയസഭ ഗാത്രത്തിൽ തന്നെ പ്രതികൂലങ്ങളിലും അനുകൂലങ്ങളിലും ഉണ്മയിലും ഇല്ലായ്മയിലും അനുഗ്രഹങ്ങളിലും പ്രതിബന്ധങ്ങളിലും ദേവാലയവും ആരാധനയും കൂട്ടായ്മയും വിട്ടു പിരിയാതെ വിശ്വസ്തരായി, വിശുദ്ധരായി നില നിന്ന ഒരു ചെറിയ ശേഷിപ്പിനെ(Remnant) മാത്രമേ കർത്താവ് നേരായ ഇസ്രായേലായി (True Israel) പരിഗണിക്കുന്നുള്ളു എന്നത് നാം ഓർക്കണം. അബ്രഹാം തങ്ങൾക്കു പിതാവായിട്ടുണ്ട് എന്ന് പുകഴ്ച പറയുകയും, അബ്രഹാമിന്റെ വിശ്വാസവും വിശ്വസ്തതയും കാത്തുസൂക്ഷിക്കാൻ പരാജയപ്പെടുകയും ചെയ്ത യെഹൂദാ ജനത്തോടു "ഈ കല്ലുകളിൽ നിന്നും അബ്രഹാമിന് മക്കളെ ഉളവാക്കുവാൻ ദൈവത്തിന് കഴിയും" എന്ന് കർത്താവ് പറഞ്ഞതിനെ നാമോർക്കണം."ക്രിസ്ത്യാനി"എന്നത് ഒരു നാമഥേയമല്ല (Not a noun) ഒരു സവിശേഷ ജീവിതശൈലിയാണ് (Quality of Life) എന്ന് നാം മറക്കരുത്. കോവിഡാനന്തരകാലം (Post Covid times) നമുക്കെല്ലാവർക്കും ഒരു രണ്ടാമൂഴമാണ്‌. നേരായ ഇസ്രായേലായി (True Israel) ദൈവത്തിന്റെ സ്വന്ത ജനമായി (God’s People) വാഗ്‌ദത്തങ്ങളോട് കൂടി ഈ ഭൂമിയിൽ പാർക്കുവാൻ. വിശ്വസ്ത ശേഷിപ്പായി (Faithful Remnant) പുതിയ ലോകത്തിൽ പുതിയ മനുഷ്യരായി മശിഹായോടു കൂടെ വാഴുവാൻ ദൈവം നമുക്കെല്ലാവർക്കും കൃപ നൽകട്ടെ.
പ്രാർത്ഥനാപൂർവ്വം
Rev. Ajay T. Oommen
സഹവികാരി

Worship Timing

7:30 pm Thursdays
Holy Qurbana Service (Malayalam)
7:30 am Fridays
Holy Qurbana Service (Malayalam)
7:30 am 2nd Fridays
Holy Qurbana Service (English)

Verse of the Day

Mark 12:43 - "And he called unto him his disciples, and saith unto them, Verily I say unto you, That this poor widow hath cast more in, than all they which have cast into the treasury:"

JoomVerses by: TerryWCarter.com
Image